Thursday, January 9, 2025
Kerala

ഓടുമ്പോള്‍ നമ്പർ പ്ലേറ്റ് മറയും, എഐ ക്യാമറയെ വെട്ടിക്കാൻ ബൈക്കിൽ ‘ടെക്നിക്’; പൊക്കി പൊലീസ്

തൃശൂര്‍: എ.ഐ. കാമറകളില്‍നിന്നും രക്ഷപ്പെടാന്‍ മറച്ചുവക്കാന്‍ കഴിയുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയില്‍ ഓടിച്ച ബൈക്ക് പിടികൂടി പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ മറച്ചുവെക്കാന്‍ കഴിയുന്ന വിധത്തില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത് കണ്ടെത്തിയത്

യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് മറച്ചു വെക്കുകയും വാഹനം നിര്‍ത്തുന്ന സമയത്ത് ഈ നമ്പര്‍ പ്ലേറ്റ് ശരിയായ രീതിയില്‍ വെക്കുകയും ചെയ്യുന്നതാണ് വാഹന ഉടമയുടെ രീതി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയ്ക്കുശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് ബൈക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

അടുത്തിടെ കൊച്ചിയിൽ നിയമലംഘനം എഐ ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ ബുള്ളറ്റിന്റെ രണ്ടു നമ്പർപ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് സവാരി നടത്തിയ യുവാവിന് എട്ടിന്റെ പണി കിട്ടിയിരുന്നു. ഒട്ടിച്ച സ്റ്റിക്കറുമായി കറങ്ങി നടന്ന യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ പെട്ടു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ യുവാവിന് 15,250 രൂപയാണ് പിഴ ചുമത്തിയത്.

എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ ഗ്രീസ് വച്ചൊരു നുറുക്കുവിദ്യ ചെയ്തതിന് ആലപ്പുഴയിൽ ഒരു ഗുഡ്സ് ട്രെയിലറിനും പിടി വീണിരുന്നു. നമ്പര്‍പ്ലേറ്റില്‍ ഗ്രീസ് തേച്ച് മറച്ച നിലയില്‍ നിരത്തിലിറങ്ങിയ ട്രെയിലര്‍ എംവിഡിയാണ് പിടികൂടിയത്. ആലപ്പുഴ കൊമ്മാടി ബൈപ്പാസ് പ്ലാസയിൽ കൈകാണിച്ചിട്ടും നിർത്താതെ പോയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ട്രെയിലറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നാലെ ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *