വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്: കെപിഎ മജീദ്
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഗത്യന്തരമില്ലാതെയാണ് സർക്കാർ പിന്മാറിയത്. ദേവസ്വം ബോർഡിൻ്റെയും വഖഫ് ബോർഡിൻ്റെയും നിയമനങ്ങളെ മുസ്ലിം ലീഗ് എതിർത്തിട്ടുണ്ട് എന്നും കെപിഎ മജീദ് പറഞ്ഞു.
“പ്രാരംഭ ഘട്ടം മുതൽ ഞങ്ങൾ ഇതിനെ എതിർത്തിട്ടുണ്ട്, ദേവസ്വം ബോർഡിൻ്റെയും വഖഫ് ബോർഡിൻ്റെയും. ദേവസ്വം ബോർഡ് പിഎസ്‌സിക്ക് വിടുന്നതിനുപകരം അത് റിക്രൂട്ട്മെൻ്റ് ബോർഡിനു വിടണം. ഏറ്റവുമധികം ജോലിയുള്ളത് ദേവസ്വം ബോർഡിലാണ്. നിയമനാധികാരം ശരിക്കും ബോർഡിനാണ്. എന്നാലും സർക്കാർ ആ തീരുമാനം എടുത്തപ്പോൾ അത് ശരിയല്ലെന്നും പിന്മാറണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം നിയമസഭയിൽ വന്നപ്പോഴും ഞങ്ങൾ എതിർത്തു. സർക്കാരിൻ്റെ ഉദ്ദേശ്യം ലീഗില്ലാതെ മുസ്ലിം സംഘടനകളെ വിളിച്ചുകൂട്ടി ധാരണയുണ്ടാക്കാനായിരുന്നു. പക്ഷേ, മുസ്ലിം സംഘടനകളെല്ലാം ഉറച്ചുനിന്നു. ഇത് പിൻവലിക്കലല്ലാതെ സർക്കാരിന് മറ്റ് വഴികൾ ഉണ്ടായില്ല. അങ്ങനെ പിൻവലിച്ചതാണ്. അതിനെ സ്വാഗതം ചെയ്യുന്നു.”- കെപിഎ മജീദ് പ്രതികരിച്ചു.