കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടം; വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ രണ്ടാപ്രതിയും എസ്.എഫ്.ഐ നേതാവുമായ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയം ഗൗരവതരമെന്ന് കോടതി കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തതെന്നാണ് വിശാഖിന്റെ വാദം. ഇന്നു വരെ വിശാഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്ൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്ഐ നേതാവ് എ വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. കേസിൽ കോളജ് പ്രിൻസിപ്പൽ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്‍റേതായിരുന്നു ഇടക്കാല ഉത്തരവ്. കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു.
കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻ എസ്എഫ്ഐ നേതാവായ എ വിശാഖ് ഇപ്പോഴും ഒളിവിലാണ്.