Monday, December 30, 2024
Kerala

ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ ദൃശ്യങ്ങളിലൊന്നാണിത്

 

വയനാട് ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി താലൂക്ക് സർവ്വേ ഓഫീസിലെ തന്റെ തിക്താനുഭവം പങ്കുവെക്കുന്നു ..! ‘ദുരധികാരത്തിന്റെ ദുർമേദസ്സുകൾ’ എന്ന തലവാചകവും കാലിന് മുകളിൽ കാല് കയറ്റി വെച്ച് ഗർവ്വോടെ ആവശ്യക്കാരനെ വിചാരണ ചെയ്യുന്ന മാനന്തവാടി താലൂക്ക് സർവ്വയറുടെ ഫ്യൂഡൽ ഫോട്ടോയും പങ്കുവെച്ചാണ് തന്റെ ഫേസ്ബുക്ക് പേജിൽ ജുനൈദ് തുറന്നടിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജുനൈദിന്റെ കുറിപ്പിനെ അനുകൂലിച്ചുകൊണ്ടും ഷെയർ ചെയ്തും നൂറുകണക്കിന് ആളുകളാണ് ഇതിനകം മുന്നോട്ടു വന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം:
ദുരധികാരത്തിന്റെ ദുർമേദസ്സുകൾ..!
ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട്‌ നമ്മുടെ ഒരുവിഭാഗം സർക്കാർ ഉദ്യോഗസ്ഥർ
വച്ചുപുലർത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വേദനയിലാണു ഈ കുറിപ്പെഴുതുന്നത്‌. (ഒരു വിഭാഗം എന്ന് അടിവരയിട്ട്‌ പറയുകയാണു; അങ്ങേയറ്റം ത്യാഗപൂർണ്ണമായി നാടിനെ സേവിക്കുന്ന നിരവധി സർക്കാർ ജീവനക്കാരെ എനിക്ക്‌ നേരിട്ടുതന്നെ അറിയാം).

മധ്യവയസ്സ്‌ പിന്നിട്ട ഒരു പാവം മനുഷ്യൻ
കനത്ത മഴ വകവെക്കാതെ ഇന്ന് രാവിലെ എന്നെ തേടി വീട്ടിലെത്തിയിരുന്നു.
രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യം വിവരിച്ചുകൊണ്ട്‌, പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന അപേക്ഷയുമായാണു അദ്ദേഹം വന്നത്‌. അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളുടെ കഥകൾ കേട്ട്‌ പ്രശ്നപരിഹാരത്തിനായി എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങൾ ചെയ്യാമെന്നു കരുതി ഞങ്ങളിരുവരും അപ്പോൾ തന്നെ മാനന്തവാടി താലൂക്ക് റീസർവ്വേ ഓഫീസിലേക്ക്‌ തിരിച്ചു.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എന്ന, പൊതുജനം ദാനമായി നൽകിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം എന്നോട്‌ തികച്ചും മാന്യമായി പെരുമാറിയ അവിടുത്തെ ‘മുതിർന്ന’ ഉദ്യോഗസ്ഥരിലൊരാൾ, എന്റെ പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നൽകിയ സ്വീകരണം തീർത്തും അസ്വസ്ഥജനകമായിരുന്നു. പതിറ്റാണ്ടുകൾക്ക്‌ മുൻപേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്പരകളും വഴി നാം നാടുകടത്തിയ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്.
സർക്കാർ കാര്യാലയത്തിനുള്ളിൽ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ,
ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗർവ്വിന്റെ ശരീരഭാഷയോടെ
ഓച്ഛാനിപ്പിച്ചു നിർത്തുകയും പരാതികൾ കളിപ്പന്ത്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീർണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക്‌ ആ കാഴ്ചയുടെ ഒരു ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണു.

ഓരോ ഫയലിനും പിന്നിൽ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിർദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാർക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയർപ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗർവങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയർത്തപ്പെടുന്നത്‌. അവരോട്‌ കരുണ കാണിക്കുക; അവരുടെ  പ്രായത്തെയെങ്കിലും മാനിക്കുക; അവരുടെ നിസ്സഹയാതകൾക്ക്‌ മേൽ കുതിര കയറാതിരിക്കുക.

ഇത്‌ ഒരു ജനപ്രതിനിധിയുടെ ആത്മാർത്ഥമായ അപേക്ഷ മാത്രമാണു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. ആ സാധു മനുഷ്യന്റെ ദയനീയമായ നിൽപും യാചനാ സ്വരത്തിലുള്ള സംസാരവും ഒരു വശത്തും, തന്റെ മഴക്കോട്ടു പോലും അഴിച്ചു വെക്കാൻ മെനക്കെടാതെ
ബിഹാറിലൊക്കെ പറഞ്ഞു കേട്ടിട്ടുള്ള മട്ടിൽ ജന്മിത്വ ധാർഷ്ട്യത്തിന്റെ ആൾ രൂപമായി അവതരിച്ച ആ ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ
അവജ്ഞാപൂർണ്ണമായ
ഇടപെടലും മനസ്സിൽ തികട്ടി വരുന്നതുകൊണ്ട്‌ മാത്രമാണു;
പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുർവം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കാൻ മാത്രമാണു, ഈ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *