ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്ക്
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ മേഖലയില്‍ ആനയിറങ്ങിയത്. അതേസമയം ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു.
അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകൽ സമരം ആരംഭിച്ചു.
കൊമ്പനെ പിടികൂടാൻ തീരുമാനമാകും വരെയും സമരം തുടരും. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെയും അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായവരെയും ഉൾപ്പെടുത്തിയാണ് പ്രതിഷേധം.
അരിക്കൊമ്പൻ വിഷയത്തിൽ ജനങ്ങളുടെ വികാരത്തിൽ ശ്രദ്ധകൊടുക്കാതെയുള്ള തീരുമാനം കോടതിയിൽ നിന്നുണ്ടായിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. കോടതി വിധിയിലെ യുക്തി മനസിലാക്കാൻ ആകുന്നിലെന്നും എന്നാൽ കോടതിയെ കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു. ആളുകളെ മാറ്റി താമസിപ്പിക്കുന്നത് പ്രതിവിധിയല്ലെന്നും അരിക്കൊമ്പനെ പിടികൂടും വരെയും പ്രതിഷേധം തുടരുമെന്നുമാണ് നാട്ടുകാർ പറയുന്നത്.