കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; പതിനേഴുകാരി ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് പെൺകുട്ടി ഓട് പൊളിച്ചുമാറ്റി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാല് പേരാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത്
ഇന്നലെ മറ്റൊരു യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ 21കാരനാണ് ചാടിപ്പോയത്. ശുചിമുറിയുടെ ജനൽ മാറ്റിയാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം പൂക്കോട്ടുകാവ് സ്വദേശിയായ യുവതിയും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.