വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് ആണ് അറസ്റ്റിലായത്. ആദർശിന് കോളജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. ട്രാബിയോക്ക് എന്ന കൂട്ടായ്മയിൽ അംഗമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്റ് ആയ അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് പേരെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു. എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സംഘർഷത്തിന് പിന്നാലെ അടച്ചിട്ട കോളേജ് തിങ്കളാഴ്ച തുറക്കും.
കഴിഞ്ഞ വെള്ളിയാഴ്ച പകൽ ഒന്നരയോടെയായിരുന്നു അപർണയ്ക്ക് നേരെയുണ്ടായ ആക്രമണം. പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായിരുന്നു സംഭവം. ‘ട്രാബിയോക്’ എന്ന മയക്കുമരുന്ന് ഗ്യാങ് യുഡിഎസ്എഫ് നേതാക്കൾക്കൊപ്പം അപർണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
അപർണയുടെ മുടിക്ക് കുത്തിപിടിച്ച് കോളജിനോടുളള മതിലിനോട് ചേർത്ത് നിർത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലിൽ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെയാണ് അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരുക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്‌ഐ ആരോപിച്ചു. തുടർന്ന് യുഡിഎസ്എഫ് പ്രവർത്തകർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്‌ഐ പുറത്തു വിട്ടിരുന്നു. സംഭവത്തിൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്, കെ.ടി.അതുൽ, ഷിബിലി, അബിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.