‘ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടും’: കെ.സുധാകരൻ
ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വാക്കു കൊണ്ട് പോലും അദ്ദേഹം ആരെയും നോവിച്ചില്ല. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തിയാണ് കെ.സുധാകരൻ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ ജയിക്കും. അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. വർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരും.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണെന്നും കെ.സുധാകരൻ പ്രതികരിച്ചു. തരൂരിനോട് ഒരു ശത്രുതയും ഇല്ല. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകും. അത് നേതൃത്വത്തോട് ആവശ്യപ്പെടും എന്നും കെ.സുധാകരൻ പറഞ്ഞു.