ട്രെയിനിടിച്ച് മരണപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നന്ദുവിൻ്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 8 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.
നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. നന്ദുവിനെ കാണാതാകുന്നതിന് മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്.
അടിപിടിയെ തുടർന്ന് യുവാവ് ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലഹരി മാഫിയ്ക്ക് നേതൃത്വം നൽകുന്നത് സിപിഐഎം ആണെന്നും വി ഡി സതീശൻ വിമർശിച്ചു.
സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പൊലീസ് ചെയ്യേണ്ടത്.പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാൻ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണുന്നു.വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദുവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.