നന്ദുവിന്‍റെ പിറന്നാളിന് കരളലിയിക്കുന്ന കുറിപ്പുമായി സീമ ജി നായർ
ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി സീമ.ജി.നായർ. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച സീമയിൽ പ്രിയപ്പെട്ട നന്ദുവിന്റെ വിയോഗം ഇപ്പോഴും വേദന പടർത്തുകയാണ്.
ക്യാൻസർ ബാധിതനായിരിക്കെ നിരവധി മനുഷ്യന്മാർക്ക് പ്രചോദിതനായിരുന്നു നന്ദു. മരണതുല്യമായ വേദനകൾക്കിടയിലും ചിരിക്കുന്ന മുഖത്തോടെ മാത്രമേ മലയാളികൾ നാധുവിനെ കണ്ടിട്ടുള്ളു
സീമ.ജി.നായരുടെ കുറിപ്പ് –
ഇന്ന് സെപ്റ്റംബർ 4. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.
മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.
പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..