ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി: കേസുകൾ റദ്ദാക്കണമെന്ന ഹർജി തള്ളി
ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കനത്ത തിരിച്ചടി. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.