Sunday, January 5, 2025
Kerala

ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരത്തും, പാലക്കാട്ടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ജനപക്ഷം നേതാവ് പി.സി. ജോർജുമായി ചേർന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയിൽ ആരോപിച്ചിരുന്നു.

പാലക്കാട് കസബ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയരാനും, സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനും സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും സിപിഐഎം നേതാവ് സി.പി. പ്രമോദ് കസബ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *