മകനെ മർദിക്കുന്നതുകണ്ട് പിതാവ് മരിച്ച സംഭവം; ബസ് ജീവനക്കാർ പിടിയിൽ
സ്വകാര്യ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിലായി. വൈപ്പിൻ സ്വദേശി ടിന്റു, മിഥുൻ മോഹൻ എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദീനാണ് മകന് നേരെ കത്തി വീശുന്നത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്.
കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഹോൺ മുഴക്കി. അൽപ്പം കഴിഞ്ഞ് ബസ് കാറിനെ ഓവർ ടേക്ക് ചെയ്തു. യാത്രക്കാരെ കയറ്റാൻ നിർത്തിയ സമയം വാഹനം ബസിനെ കടന്ന് പോയിരുന്നു. പിന്നീട് അമിത വേഗത്തിൽ എത്തിയ ബസ് വീണ്ടും ഹോൺ മുഴക്കി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.
ഇതിനിടെ കാറിൻ്റെ സൈഡ് മിററിൽ ഇടിച്ചു. ഇത് ചോദിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ബസിൽ നിന്നും കാക്കി ധരിച്ച 4 പേർ ഇറങ്ങി വന്നു. ഒരാൾ കത്തിയുമായാണ് വന്നത്. ഗുണ്ടകളെ പോലെ പെരുമാറുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം ചെറുക്കുന്നതിനിടെ കൈയ്യിൽ കുത്തേറ്റു. ഇത് കണ്ട് അച്ഛനും അമ്മയും കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛൻ മരിച്ചു എന്നും മകൻ പറഞ്ഞു. ബസ് ഡ്രൈവർ ഗുണ്ടയെ പോലെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ഫർഹാൻ പറഞ്ഞു.
കത്തി കൊണ്ട് പർഹാന്റെ കൈയ്ക്ക് പരിക്കേറ്റു. ഇത് കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ പറവൂർ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈറ്റില ഹബിൽ നിന്ന് നർമ്മദ ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസും, വാഹനത്തിൻ്റെ പെർമിറ്റും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.