ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി
ഫെയ്സ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ക്കുളളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൃദയ സംബന്ധമായി രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രിയുടെ സഹായഹസ്തമെത്തിയത്.
കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റേയും ഷംസീറയുടേയും മകനാണ് ഹൈസിന്‍ ഷാന്‍. ഇരുവരും കോവിഡ് പോസിറ്റീവ് ആയി കണ്ണൂരില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികള്‍ക്ക് തകരാറ് സംഭവിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ഹൈസിന്‍. ഡോക്ടര്‍മാര്‍ ഹൈസിന്റെ കാര്യത്തില്‍ മറ്റ് പ്രതീക്ഷകളൊന്നുമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞതോടെയാണ് അവസാന ശ്രമമെന്ന നിലയില്‍ പിതാവ് ഷാനവാസ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലേക്ക് സഹായം അഭ്യര്‍ഥിച്ച് സന്ദേശം അയച്ചത്. സന്ദേശം അയച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മന്ത്രി ഇടപെടുകയും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കി കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഞാനും ഭാര്യയും കോവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുകയാണ്. അവസാന പ്രതീക്ഷയായാണ് മന്ത്രിക്ക് സഹായം അഭ്യര്‍ഥിച്ച് ഫെയ്സ്ബുക്കിലൂടെ സന്ദേശമയച്ചത്. അത് കഴിഞ്ഞ് പിന്നീട് മറുപടി വന്നോ എന്നുള്ള കാര്യമൊന്നും നോക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല താന്‍. ഞാന്‍ മെസേജ് അയച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ മന്ത്രി കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. അതിനുവേണ്ടി ആശുപത്രിക്ക് തയ്യാറെപ്പുകള്‍ക്ക് വേണ്ട സമയം മാത്രമാണ് ആവശ്യമായി വന്നത്. മന്ത്രി ഇടപെടല്‍ നടത്തിയതെല്ലാം പിറ്റേ ദിവസം മന്ത്രി തന്നെ നേരിട്ട് വിളിച്ചപ്പോഴാണ് അറിഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെ കഴിയുകയാണ്. എല്ലാവരുടേയും പ്രാര്‍ഥന വേണം- ഷാനവാസ് പറഞ്ഞു.