Monday, January 6, 2025
National

യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ട നിലയിൽ: 18കാരി പോലീസ് പിടിയിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കാണാതായ ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18കാരിയായ കാമുകി പോലീസ് കസ്റ്റഡിയിലായി.

ആഗസ്റ്റ് 11നാണ് യുവാവിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് കരുതിയ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാര്‍ ആശങ്കയിലായി.

എന്നാൽ ആഗസ്റ്റ് 15ാം തീയതി യുവാവിന്‍റെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രദേശത്തെ കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു ഫോണില്‍ സംസാരിച്ചത്. നേരില്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കൂട്ടാക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അതേസമയം, 500 രൂപയുടെ നോട്ടിനുള്ളിലാക്കി ഒരു പെണ്‍കുട്ടിയാണ് തനിക്ക് സിം കാര്‍ഡ് നല്‍കിയതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും കുല്‍ഫി വില്‍പ്പനക്കാരന്‍ പോലീസിനോട് വ്യക്തമാക്കി.

ഇതോടെ അന്വേഷണം യുവാവിന്‍റെ കാമുകിയിൽ എത്തുകയായിരുന്നു. എന്നാൽ ആഗസ്റ്റ് 11ന് രാവിലെ യുവാവ് തന്റെ വീട്ടില്‍നിന്ന് പോയെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിനുള്ളില്‍ പരിശോധന നടത്തിയ പോലീസ് സംഘം കിടപ്പുമുറിയുടെ ഒരുഭാഗത്ത് മണ്ണിളകി കിടക്കുന്നതാണ് കാണാനിടയായി. ഇതോടെകേസിന്‍റെ ഗതിമാറി. തുടർന്ന് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തറ പൊളിച്ച് പരിശോധിക്കുകയും യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ഇതിനു പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗാസിയബാദ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *