Saturday, January 4, 2025
Wayanad

ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം, 86 കുട്ടികള്‍ ചികിത്സ തേടി

വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്. സ്കൂളിലെ ഭക്ഷണ മെനുവിനെതിരെ കുട്ടികൾ പരാതിപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. സ്കൂളിൻ്റെ ഭാഗത്ത്‌ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *