Tuesday, January 7, 2025
National

വന്ദേഭാരത് ഷെഡ്യൂൾ പുറത്ത്, ടിക്കറ്റ് 1400 രൂപ; ഫ്ലാഗ് ഓഫ് 25 ന് രാവിലെ പ്രധാനമന്ത്രി, ഉച്ചക്ക് കണ്ണൂരെത്തും

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും. 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്‍റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷൻ റെയിൽവെ ഉടനിറക്കുമെന്നാണ് വിവരം.

അതേസമയം ഇന്നലെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ദിന ട്രെയൽ റൺ പൂ‍ർത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂർ 10 മിനിട്ട് എടുത്തപ്പോൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂർ 20 മിനിട്ടാണ് എടുത്തത്. മടക്ക യാത്രക്കായി 10 മിനിട്ട് അധികം എടുത്തെന്ന് സാരം. എന്നാലും ആദ്യ ദിന ട്രയൽ പൂർത്തിയാകുമ്പോൾ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരത് ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരളത്തിലൂടെ ഓടുന്ന മറ്റ് ചില ട്രെയിനുകളും വന്ദേ ഭാരതും തമ്മുള്ള വേഗതയുടെ കാര്യവും ഈ സമയത്ത് കൃത്യമായി പരിശോധിക്കാവുന്നതാണ്. 3 ട്രെയിനുകളും വന്ദേഭാരതും തമ്മിൽ ഒരുപാട് സമയത്തിന്‍റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് താരതമ്യം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *