Monday, January 6, 2025
Kerala

വന്ദേഭാരത് കെ-റെയിലിന് ബദലാകില്ലെന്ന് സിപിഐഎം; സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ്

വന്ദേഭാരത് ട്രെയിൻ വേഗതയിലോ സൗകര്യത്തിലോ കെ-റെയിലിന് ബദലാകില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വീണ്ടും സിൽവർലൈൻ ചർച്ചകൾ ഇടതുകേന്ദ്രങ്ങളിൽ സജീവമായി. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. അതേസമയം സിൽവർലൈൻ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

കെ-റെയിലിനേയും വന്ദേഭാരതിനേയും താരതമ്യപ്പെടുത്തി സൈബറിടങ്ങളിൽ തുടങ്ങിവെച്ച ചർച്ച ജനങ്ങൾക്കിടയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം. എന്നാൽ വന്ദേഭാരതിനെ എതിർക്കേണ്ടതില്ലെന്നുമാണ് സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോഗ തീരുമാനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന ആവശ്യം ശക്തമാണ്. ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുളള ശ്രമങ്ങളും, വന്ദേഭാരതിന്റെ വരവ് ആഘോഷമാക്കിയതുമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കെ-റെയിൽ അടഞ്ഞ അധ്യയമല്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയേയും പ്രതീക്ഷയോടെയാണ് സിപിഐഎം സ്വീകരിക്കുന്നത്. വന്ദേഭാരതിനെ എതിർക്കുകയല്ല, കെ റെയിലിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയാവും സിപിഐഎം ലക്ഷ്യമിടുക. സംസ്ഥാന സർക്കാരിനെപ്പോലും അറിയിക്കാതെ വന്ദേഭാരത് അനുവദിച്ചതിലെ രാഷ്ട്രീയവും തുറന്നുകാണിക്കും. വന്ദേഭാരത് റെയിലിനെക്കുറിച്ച് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

എന്നാൽ സിൽവർലൈന് ബദലാണ് വന്ദേഭാരതെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. ബിജെപിയും സിപിഐഎമ്മും സിൽവർലൈൻ നടപ്പാക്കാൻ ഒരുങ്ങിയാൽ ശക്തമായി എതിർക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി വേണമെന്നും ചർച്ചകൾ തുടരുമെന്നും കാനം വ്യക്തമാക്കുന്നു. വന്ദേഭാരത് എത്തിയ പുതിയ സാഹചര്യത്തെ എങ്ങിനെ അനുകൂലമാക്കാമെന്നുള്ള ചർച്ചകളായിരിക്കും ഇനി ഇടതുകേന്ദ്രങ്ങളിൽ സജീവമാകുകയെന്നു ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *