കെ.കെ രമയ്ക്കെതിരെ സി.പി.ഐ.എം അസഭ്യവർഷം ചൊരിയുന്നു; ടി.സിദ്ദിഖ്
കെ.കെ രമയ്ക്കെതിരെ സി.പി .ഐ.എം അസഭ്യവർഷം ചൊരിയുന്നുവെന്ന് ടി.സിദ്ദിഖ് എംഎൽഎ. സമൂഹ മാധ്യമങ്ങളിൽ അണികളും എം.വി ഗോവിന്ദനും രമയെ ആക്രമിക്കുന്നു. എം.വി ഗോവിന്ദൻ ഓർത്തോ ഡോക്ടറുടെ പണിയെടുക്കരുത് ടി.സിദ്ദിഖ് പറഞ്ഞു.
കെ.കെ.രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്നും ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. രമയുടെ കൈയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.രമ എംഎല്‍എയുടെ പരുക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.
അതേസമയംതന്റെ കയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് കെ.കെ.രമ വ്യക്തമാക്കി. കൈക്കു പരുക്കില്ലാതെയാണ് ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ എക്സ്റേ ദൃശ്യങ്ങളാണു പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
അതിനിടെ സച്ചിൻദേവ് എംഎൽഎക്കെതിരെ കെ.കെ രമ എംഎൽഎ നൽകിയ പരാതിയിൽ സ്പീക്കറിന്റെയും സൈബർ സെല്ലിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുകയാണ് പ്രതിപക്ഷം. കെ കെ രമക്കെതിരായ പ്രചരണങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പ്രതിപക്ഷം വിഷയം ഉന്നയിക്കും. കെ കെ രമയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളിൽ ആരോഗ്യ മന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.