Saturday, October 19, 2024
Kerala

ലോകായുക്തയും മുഖ്യന്ത്രിയും തമ്മിൽ ഡീലോ? ദുരിതാശ്വാസനിധി കേസിൽ വിധി വൈകുന്നതിൽ ദുരൂഹതയെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്‌വും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന്‍ പറഞ്ഞു.

ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണ്. ലോകായുക്തയുടെ വിധി ഉണ്ടായ ഉടനേ കെടി ജലീലിനു രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭായോഗത്തില്‍ ഉടനടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തരവിട്ടത് ഭയന്നുവിറച്ചാണ്. തുടര്‍ന്ന് നിയമസഭ പാസാക്കിയ ബില്ലില്‍, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്‌ലേറ്റ് അഥോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം.

ലോകായുക്തയുടെ പല്ലും നഖവും അടിച്ചുകൊഴിക്കുന്നത് കണ്‍മുമ്പില്‍ കണ്ടിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ ശക്തിയില്ലാത്ത കേരള ലോകായുക്ത, ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കണ്ടുപഠിക്കണം. ലോകായുക്തയെ വന്ധീകരിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഒക്ടോബര്‍ മുതല്‍ ഗവര്‍ണറുടെ മുന്നിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുന്നു. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബിജെപി- സിപിഎം അന്തര്‍ധാരണയിലെ മറ്റൊരു കറുത്ത അധ്യായമായി.

ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18നാണ് ഒരു വര്‍ഷം പൂര്‍ത്തിയായത്. ഹീയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സൂപ്രീം കോടതി നിര്‍ദേശമൊന്നും കേരള മുഖ്യമന്ത്രിക്കും കേരള ലോകായുക്തക്കും ബാധകമല്ല. നീതിയും നീതിബോധവും ന്യായവും കാടിറങ്ങിപ്പോയ സ്ഥലമാണിന്നു കേരളം

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ. കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലുള്ളത്. രോഗം, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കു മാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിക്കാവൂ. മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാറിന്റെ ഇതു സംബന്ധിച്ച ഹര്‍ജി പ്രസക്തമാണെന്നും കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കാനാവില്ലെന്നും ആഞ്ഞടിച്ച ലോകായുക്ത പിന്നീട് നിഷ്‌ക്രിയമായി.

സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇകെ നായനാര്‍ 1999ല്‍ തുടക്കമിട്ട് ഉച്ചിയുറപ്പിച്ച ലോകായുക്തക്ക് മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തി. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോഴെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.