ഹമീദ് വീടിന് തീയിട്ടത് മകനെയും കുടുംബത്തെയും കൊല്ലാനുറപ്പിച്ച്; വീട് പുറത്തുനിന്ന് പൂട്ടി, വെള്ളം തുറന്നുവിട്ടു
തൊടുപുഴക്ക് സമീപം ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രൊളൊഴിച്ച് തീ കൊളുത്തി പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലാനുറപ്പിച്ച് തന്നെയാണ് ഹമീദ് വീടിന് തീയിട്ടത്. മകൻ അബ്ദുൽ ഫൈസൽ, ഫൈസലിന്റെ ഭായ് ഷീബ, മക്കളായ മെഹർ(16), അഫ്‌സാറ(14) എന്നിവരാണ് കൊല്ലപ്പെട്ടത്
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹമീദ് വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടുകയും വീട്ടിലെയും സമീപ വീട്ടുകളിലെയും വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു
ഫൈസലിന്റെ മക്കൾ വിളിച്ചതിനെ തുടർന്ന് അയൽവാസിയായ രാഹുൽ ഓടിയെത്തി വാതിൽ തകർത്ത് ഉള്ളിൽ കയറിയിരുന്നു. പക്ഷേ രക്ഷിക്കാൻ സാധിച്ചില്ല. ഇതിനിടെ ബന്ധുവീട്ടിലെത്തിയ ഹമീദ് താൻ മകനെയും കുടുംബത്തെയും തീയിട്ട് കൊന്നതായി അറിയിക്കുകയായിരുന്നു
തൊടുപുഴയിലാണ് ഹമീദും ഫൈസലും മുമ്പ് താമസിച്ചിരുന്നത്. ഇതിന് ശേഷം ഹമീദ് മണിയൻകുടിയിലേക്ക് താമസം മാറി. ഈ സമയത്ത് 50 സെന്റ് സ്ഥലം മകന്റെ പേരിൽ എഴുതി നൽകിയിരുന്നു. ഫൈസൽ ഇവിടെ വീട് വെച്ച് താമസം തുടങ്ങി. എന്നാൽ 2018ൽ ഈ സ്ഥലം ഹമീദ് തിരികെ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമായത്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും നോമ്പിന് ശേഷം ഫൈസൽ ഇവിടെ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്.