സ്വപ്‌നയുമായുള്ള വാട്സ് ആപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ തേടി ഇഡി; എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും
ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്ഇന്നും തുടരും. ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച് സ്വപ്ന സുരേഷുമായി നടത്തിയ ചാറ്റുകളുടെ അടിസ്ഥാനമാക്കിയും ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും.
ലൈഫ്മിഷൻ മുൻ സിഇഒ യുവി ജോസ്, ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ മൊഴിയും വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച് വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത് തിങ്കളാഴ്ചയാണ്. കസ്റ്റഡി നീട്ടാൻ അന്ന് അപേക്ഷ നൽകിയേക്കും.
നിലവിൽ ലഭിച്ചിരിക്കുന്ന മൊഴികൾ ശിവശങ്കറിന് എതിരാണ്. എന്നാൽ, ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാട് തുടരുകയാണ് ശിവശങ്കർ. ഇതോടെ മൊഴികളിലും തെളിവുകളിലും വ്യക്തത വരുത്താൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന നിലപാടിലാണ് ഇ.ഡി.