വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു; ജഡം കണ്ടെത്തിയത് ഏലത്തോട്ടത്തിലെ കുളത്തിൽ
ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ കടുവ ഭീതിയിലായിരുന്നു.
രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ പശുവിനെ കടിച്ച് അവശനിലയിലാക്കിയിരുന്നു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു. അതിനിടയിലാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്.
വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ കഴിഞ്ഞ മാസം പിടിയിലായിരുന്നു. കുപ്പമുടി എസ്റ്റേറ്റ് പൊന്മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്തും കടുവയുടെ ആക്രമണം തുടർച്ചയായി ഉണ്ടായിരുന്നു.