Thursday, January 9, 2025
Kerala

കുറുക്കന്മൂലയിലെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍

കുറുക്കന്മൂലയിലെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍. കടുവയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ  അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവക്കായി തെരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്‍ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

ഇന്നലെ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കയ്യാങ്കളിക്കിടെ വനം ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തി പുറത്തെടുക്കാന്‍ ശ്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടുവയെ കണ്ടതായി വിദ്യാർഥിനി അറിയിച്ച പയ്യമ്പള്ളി പുതിയിടത്ത് തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചെത്തിയത്. വനപാലകരുമായുള്ള സംസാരം വാക്ക് തർക്കത്തിലേക്ക് കടന്നു. തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *