തിക്കോടിയിൽ യുവതിയെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
തിക്കോടിയിൽ യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച നന്ദു(31) എന്ന യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. ഇന്ന് പുലർച്ചെയാണ് നന്ദു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു
തീ കൊളുത്തുന്നതിന് മുമ്പായി നന്ദു തന്നെ കുത്തിപ്പരുക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിൽ. ഏറെക്കാലമായി നന്ദു തന്റെ അയൽവാസി കൂടിയായ കൃഷ്ണപ്രിയയെ ശല്യം ചെയ്തുവരുന്നു.
കൃഷ്ണപ്രിയയുടെ പല കാര്യങ്ങളിലും ഇയാൾ ഇടപെട്ട് അഭിപ്രായം പറയുമായിരുന്നു. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല, മറ്റുള്ളവരെ ഫോൺ ചെയ്യാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ കൃഷ്ണപ്രിയ എതിർത്തതോടെ ഇയാൾ അക്രമാസക്തനായി പെൺകുട്ടിയെ തെറി വിളിക്കുകയും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി
രണ്ട് ദിവസം മുമ്പ് ഇയാൾ കൃഷ്ണപ്രിയയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങിയിരുന്നു. പിന്നീട് ഫോൺ തിരികെ നൽകാനെന്ന വ്യാജ്യേന കൃഷ്ണപ്രിയയുടെ വീട്ടിലെത്തുകയും തനിക്ക് മകളെ വിവാഹം ചെയ്തുതരണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയും ചെയ്തു. മകൾക്ക് വിവാഹ പ്രായം ആയില്ലെന്ന് പറഞ്ഞപ്പോൾ കൃഷ്ണപ്രിയയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പോയത്