പ്രാർഥനകൾ വിഫലം: തിക്കോടിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു
തിക്കോടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് വരികയായിരുന്ന കൃഷ്ണപ്രിയയെ നന്ദു തടഞ്ഞുനിർത്തി കുത്തുകയും പെട്രൊൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. നിലിവിളി കേട്ടെത്തിയ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് തീ അണച്ചതും ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതും
ചികിത്സക്കിടെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൃഷ്ണപ്രിയ മരിച്ചത്. തീ കൊളുത്തും മുമ്പ് നന്ദു തന്നെ കുത്തി പരുക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ ആശുപത്രിയിൽ വെച്ച് മൊഴി നൽകിയിരുന്നു. 90 ശതമാനത്തോളം പെൺകുട്ടിക്ക് പൊള്ളലേറ്റിരുന്നു.