എത്ര കിട്ടിയാലും മതിയാകില്ല’; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരെ ഉദുമ എംഎല്‍എ; പ്രതിഷേധം ശക്തം
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിനെതിരെ പ്രതിഷേധം കടുക്കുന്നു. ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാകില്ല എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.
സി എച്ച് കുഞ്ഞമ്പുവിന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് ഇരയായ കുട്ടിയുടെ മാതാവ് അരുണി പ്രതികരിച്ചു. എംഎല്‍എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്റെ മകന് സന്തോഷം എന്തെന്ന് അറിയുക പോലുമില്ല. മകന് ഇരിക്കാനോ നടക്കാനോ പോലും കഴിയില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്. കാസര്‍ഗോട്ട് നല്ല ആശുപത്രി അത്യാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാത്രമല്ല, ചികിത്സാ സൗകര്യം എല്ലാവരുടെയും ആവശ്യമാണ്. തങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അരുണി പ്രതികരിച്ചു.
എംഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷ സംഘടനകളടക്കം രംഗത്തുവന്നിട്ടും എംഎല്‍എ പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. പരാമര്‍ശം മനുഷ്യത്വ രഹിതമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറയണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.