പ്രവാചക നിന്ദ പരാമര്‍ശം; അറസ്റ്റിന് പിന്നാലെ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയതിന് അറസ്റ്റിലായ ബിജെപി എംഎല്‍എ ടി രാജാ സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. രാജാ സിംഗിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രാജാ സിംഗിന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. രാജാ സിംഗ് പ്രവാചകനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം നടന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കഴിഞ്ഞയാഴ്ച കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ തടസപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചിരുന്നു. 50 അനുയായികള്‍ക്കൊപ്പം വേദിയിലെത്താന്‍ ശ്രമിച്ച ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
നുപൂര്‍ ശര്‍മയുടെ പ്രസ്താവനകളില്‍ തൃപ്തരല്ലാത്തത് കൊണ്ട് മറ്റ് നേതാക്കളെ കൊണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിക്കുന്നത് ബിജെപിയുടെ നയമായി മാറിയോ ന്നെ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. എന്തിനാണ് മുഹമ്മദ് നബിയെ നിന്ദിക്കുന്നത്? ബിജെപി ഇതെല്ലാം അവസാനിപ്പിക്കണം. നിങ്ങള്‍ പ്രവാചകനെ എത്രത്തോളം വെറുക്കുന്നുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.