Monday, April 14, 2025
Kerala

ശബരിമല ദർശനം അനുവദിക്കണം; നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാം എന്നുള്ളതിനാലും തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.

നിലവിലെ സാഹചര്യത്താൽ ശബരിമല ദർശനത്തിനായി സംസ്ഥാനത്തിൻ്റെ പല കേന്ദ്രങ്ങളിലും കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ. വാസു പറഞ്ഞു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനും വ്യക്തമാക്കി. നിലക്കലിൽ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ഇതോടെ ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഭക്തർ പ്രതിഷേധവുമായി രം​ഗത്തെത്തി. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർത്ഥാടകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *