ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം ശുചീകരിക്കാൻ ലക്ഷങ്ങൾ; പൊങ്കാലയുടെ പേരിൽ പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ച് മേയര്‍ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല നടന്നത്. ഭക്തർ വീടുകളിൽ ദേവിയെ മനസ്സിൽ നിറച്ചു പൊങ്കാല അർപ്പിക്കുകയായിരുന്നു. എന്നാൽ ഈ പൊങ്കലയുടെ ശുചീകരണത്തിന്റെ പേരിൽ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നു ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.
കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ ശുചീകരണപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് തട്ടിപ്പ്. പൊങ്കാലക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറിയുടെ വാടക ഇനത്തില്‍ 357800 രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ഭക്തര്‍ വീടുകളിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലും മാത്രമായിരുന്നു പൊങ്കാല. അതുകൊണ്ടു തന്നെ ഫെബ്രുവരി 19 മുതല്‍ 28 വരെ നടന്ന ആറ്റുകാല്‍ ഉത്സവത്തിന് റോഡുകളിലോ ക്ഷേത്രത്തിലോ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ പൊങ്കാലയ്ക്കു ശേഷം നഗരസഭാ അധികൃതര്‍ക്ക് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ വൃത്തിയാക്കേണ്ടിയും വന്നില്ല. ആറ്റുകാല്‍ ക്ഷേത്ര പരിസരം മാത്രമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ശുചീകരിച്ചത്. എന്നാല്‍ ശുചീകരണവാഹനങ്ങളുടെ വാടക ഇനത്തില്‍ 357800 രൂപ തിരിമറി നടത്തി.
150 മുതല്‍ 200 വരെ ക്യുബിക് അടി ശേഷിയുള്ള അഞ്ചു ടിപ്പറുകളും, 200 മുതല്‍ 300 വരെ ക്യുബിക് അടി ശേഷിയുള്ള 16 ലോറികളും വാടകയ്ക്ക് എടുത്തതായാണ് കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കാനുള്ള രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടിപ്പറിന് 13,000 രൂപ വാടക. 5 എണ്ണത്തിനു ചെലവായത് 65,000 രൂപ. ഇതുകൂടാതെ ലോറി ഒരെണ്ണത്തിനു വാടക 18,300 രൂപ. അങ്ങനെ ആകെ ചെലവ് 3,57,800 രൂപയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ഇന്ന് നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും മേയര്‍ ആര്യ രാജേന്ദ്രൻ അതിന് തയ്യാറായില്ല. അതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ലോറികള്‍ വാടകക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് നിയമപരമല്ലെന്നും ഈ അഴിമതിയില്‍ മേയറുടെ ഓഫീസിന്റെ ഇടപെടല്‍ വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അധികാരത്തിൽ കയറിയിട്ട് ആറുമാസം ആകുമ്പോൾ വിവാദങ്ങളിൽ നിറയുന്ന മേയർ ആര്യ പാർട്ടിയ്ക്ക് തലവേദന ആകുകയാണ്.