വി ഡി സതീശൻ ബിജെപിയെ വെള്ള പൂശുന്നെന്ന് തോമസ് ഐസക്; ധനപ്രതിസന്ധിയുടെ ഒന്നാം പ്രതി തോമസ് ഐസക്കെന്ന് വി ഡി സതീശൻ
തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ധനപ്രതിസന്ധിയുടെ ഒന്നാം പ്രതിയാണ് തോമസ് ഐസക് എന്നും ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
എന്നാൽ കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണെന്നും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയർന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ കാര്യമാണെന്നും ഐസക് പറഞ്ഞു . വി ഡി സതീശൻ ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങളും തോമസ് ഐസക് കുറിച്ചു.