കലഞ്ഞൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി; യുവതിയുടെ കൈപ്പത്തി അറ്റ് തൂങ്ങിയ നിലയിൽ
പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. ആക്രമണത്തിൽ വിദ്യയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവേറ്റു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഏലക്കുളം സ്വദേശിയായ ഭർത്താവ് വിദ്യയുടെ വീട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്.
രാത്രി ഒമ്പതരയോടെയാണ് അക്രമം. കൈപ്പത്തി അറ്റ് തൂങ്ങിയ നിലയിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛൻ വിജയനും പരുക്കുണ്ട്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടി.
ഏറെ നാളായി വിദ്യയുമായി പിണങ്ങി കഴിയുകയാണ് ഭർത്താവ് സന്തോഷ്. ഇവരുടെ വിവാഹമോചനം കോടതി പരിഗണനയിൽ ഇരിക്കെയാണ് ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് നിലവിൽ സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം.