Thursday, January 23, 2025
Kerala

മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടും’; സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് സഹതാപമെന്ന് ഗവർണർ

സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു. തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ല. ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്ര കോൺഗ്രസ് ആക്രമണവുമായി ബന്ധപ്പെട്ട വിഡിയോ നാളെ പുറത്തുവിടും. സർവകലാശാല വിഷയത്തിൽ ഇടപെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ച കത്തുകളും നാളെ പുറത്ത് വിടും. രാജ്ഭവൻ എന്ത് കൊണ്ട് പരാതിപ്പെട്ടില്ലെന്ന് ചോദിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് സഹതാപം മാത്രം. തനിക്കെതിരായ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന കാര്യം ആലോചിക്കും. മറ്റ് ചില കാര്യങ്ങൾ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെയും തെളിവുകൾ തൻ്റെ പക്കലുണ്ട് എന്നും ഗവർണർ പറഞ്ഞു.

“2 വർഷം മാത്രം സർവീസിലുള്ളവർക്ക് പെൻഷൻ നൽകുന്നത് വേറെ ഏത് സംസ്ഥാനത്താണുള്ളത്? ഇത് കൊള്ളയടിയാണ്. കൊള്ളയടിക്ക് തന്നെ കൂട്ട് കിട്ടില്ല. കേരളത്തിലെ ജനങ്ങളെ സേവിക്കാനാണ് താനിവിടിരിക്കുന്നത്.”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

നിലവിലെ സവിശേഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇരുവരും കേരളത്തെ അപമാനിച്ചു ഇരുവര്‍ക്കും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *