സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് കൊടി ഉയരും. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. ഇന്ന് കൊച്ചിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കും. സമ്മേളനത്തിന്റെ അന്തിമ ഒരുക്കങ്ങളും യോഗം വിലയിരുത്തും
മറൈൻ ഡ്രൈവിലാണ് സമ്മേളന നഗരി സജ്ജീകരിച്ചിരിക്കുന്നത്. ചെങ്കോട്ടയുടെ മാതൃകയിൽ ഒരുക്കിയ നഗരിയിൽ നാല് ദിവസമാണ് സംസ്ഥാന സമ്മേളനം തുടരുക. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാനൂറ് പ്രതിനിധികളും 50 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും സമ്മേളനം നടക്കുക. പാർട്ടിയുടെ 25 വർഷത്തെ വികസന കാഴ്ചപ്പാട് ഉൾപ്പെടുന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രായപരിധി കർശനമാക്കുന്നതോടെ മുതിർന്ന പല നേതാക്കളും സംസ്ഥാന സമിതിയിൽ നിന്ന് പുരത്താകും. കോടിയേരി ബാലകൃഷ്ണൻ ഒരു തവണ കൂടി പാർട്ടി സെക്രട്ടറി പദത്തിൽ തുടരുമോയെന്നും കാത്തിരുന്നു കാണേണ്ടതാണ്.