ബേക്കറി കെട്ടിടത്തിൽ ഒറ്റയ്ക്ക് താമസം, ഭക്ഷണവുമായി എത്തിയവർ കണ്ടത് മരിച്ച നിലയിൽ; അന്വേഷണം
പാലക്കാട്: ചാലിശേരി സെന്ററിൽ അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി മേലേതലക്കൽ സ്വദേശി മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. ഏറെ നാളായി ചാലിശ്ശേരി സെന്ററിലെ അടഞ്ഞ് കിടക്കുന്ന അലീഷാ എന്ന് പേരുള്ള ബേക്കറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനകത്ത് ഒറ്റക്കായിരുന്നു മുസ്തഫയുടെ താമസം.
കടുത്ത പ്രമേഹ രോഗിയായ മുസ്തഫയുടെ ഒരു കാൽ പ്രമേഹ രോഗം മൂർച്ഛിച്ചതോടെ മുറിച്ച് മാറ്റിയിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ പ്രഭാത ഭക്ഷണം നൽകാനെത്തിയവരാണ് മുസ്തഫയെ മരിച്ച നിലയിൽ കാണുന്നത്. കട്ടിലിൽ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. കെട്ടിടത്തിനകത്ത് വിശദമായ പരിശോധന നടത്തി.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഫിംഗർ പ്രിന്റ്, ഫോറൻസിക്ക് വിദഗ്ദരും കെട്ടിടത്തിനകത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.