ഭർതൃവീടിന്റെ ടെറസിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം
മലപ്പുറം: മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ. ഇന്ന് രാവിലെയാണ് ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നജ്മുന്നിസ മരിച്ച വിവരം ഭർത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഇക്കാര്യം യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. ഭർത്താവ് മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.