എസ്എന്‍ കോളജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍പ് കേസില്‍ തുടരന്വേഷണം വേണമെന്ന് കൊല്ലം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എസ് എന്‍ ട്രസ്റ്റ് അംഗമായ സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് തിരിച്ചടി നേരിട്ടിരുന്നത്.
2004 ലാണ് കോടതി നിര്‍ദേശപ്രകാരം ഫണ്ട് തിരിമറിയില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ലാണ് ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
1997- 98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് 2020ല്‍ ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിയിരുന്നത്.