കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി സാമ്പത്തിക തിരിമറി ; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
കൊല്ലം എസ് എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് വെള്ളാപ്പള്ളിക്കെതിരായ ആരോപണം. കേസിൽ അടിയന്തരമായി കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.
1997-98ൽ കോളജിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമിക്കാൻ പണം കണ്ടെത്തുന്നതിനായി എക്‌സിബിഷനും പിരിവും നടത്തിയിരുന്നു. കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നാണ് പരാതി