പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയാറാകണം; മര്‍കസ് നോളജ് സിറ്റി സിഇഒ
പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളഡ്ജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുസലാം മുഹമ്മദ്. വികസന കുതിപ്പിലാണ് സൗദി അറ്യേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ബൃഹത് പദ്ധതിയാണ്. എല്ലാ മേഘലയിലും സമഗ്ര പരിഷ്‌കരണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് തൊഴില്‍ വിപണിയില്‍ ഇടം നേടാന്‍ വൈദഗ്ദ്യവും നൈപണ്യവും ആവശ്യമാണ്. വികസന പദ്ധതികളുടെ ഭാഗമായി സൗദിയിലെ വിവിധ ഏജന്‍സികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സുസ്ഥിര വികസനത്തിന് 2015ല്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച 17 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഉതകുന്ന പദ്ധതികള്‍ മത്സര ബുദ്ധിയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സൗദി അറേബ്യ. പട്ടണങ്ങളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ വന്‍ പട്ടണങ്ങളായി പല പ്രദേശങ്ങളെയും മാറ്റും. നവീന ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് രാജ്യം സ്വീകരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ കൂടുതല്‍ വൈദഗ്ദ്യം നേടുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് മികച്ച അവസരം ലഭ്യമാവുക. നിലവില്‍ തൊഴില്‍ ചെയ്യുന്നവരും തൊഴി തേടാന്‍ ആഗ്രഹിക്കുന്നവരും പരമ്പരാഗത യോഗ്യതകളോടൊപ്പം അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടണം. അത്തരക്കാര്‍ക്ക് മികച്ച അവസാരമാണ് സൗദി തൊഴില്‍ വിപണിയില്‍ കാത്തിരിക്കുന്നത്.
സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന മാറ്റം സംരംഭകരും ചെറുകിട ഇടത്തരം വ്യാപാരികാരും ഉള്‍ക്കൊളളണം. അതിനനുസരിച്ച് തദ്ദേശീയ ഉത്പ്പന്നങ്ങള്‍ കണ്ടെത്തുകയും വിത്പ്പനക്കെത്തിക്കുകയും വേണം. പരമ്പരാഗത ബിസിനസില്‍ നിന്ന് മാറാതെ വിപണിയില്‍ തുടരാന്‍ കഴിയില്ലെന്നും ഡോ. അബ്ദുസലാം മുഹമ്മദ് പറഞ്ഞു.
പുതുതലമുറക്ക് പരമ്പരാഗത പഠനവും പാഠ്യപദ്ധതികളുമല്ല ആവശ്യം. പഠിച്ചത് ആവശ്യമില്ലാതെ വരുന്ന രീതിയില്‍ നിന്ന് വിദ്യാഭ്യാസ സമ്പ്രാദായം പരിഷ്‌കരിക്കണം. തൊഴിലദിഷ്ടിത പരിശീലനവും വിദ്യാഭ്യാസവും യുവജനങ്ങളെ കൂടുതല്‍ കാര്യക്ഷമതയുളളവരാക്കി മാറ്റും. മലേഷ്യയിലെ ചില സര്‍വകലാശാലകളില്‍ പന്ത്രണ്ടാം ക്ലാസിന് ശേഷം നൈപുണ്യം തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികളെ പ്രായോഗിക പരിശീലനത്തിന് തിരിച്ചുവിടുന്നുണ്ട്. ഇവര്‍ക്ക് ക്ലാസ് മുറികള്‍ക്ക് പകരം നവസംരംഭകരോടൊപ്പം പുതുമകള്‍ തേടാനും കൂടുതല്‍ ഉത്പ്പാദന ക്ഷമതയോടെ ഇടപെടാനും അവസരം ലഭിക്കുന്നു. ഇത് രാജ്യത്തിന്റെ ആവശ്യത്തിന് പര്യാപ്തമായ പൗരന്‍മാരെ വളര്‍ത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസനത്തിന്റെ മാതൃകയാണ് കോഴിക്കോട് മര്‍കസ് നോളഡ്ജ് സിറ്റി. മലിന ജലം, മാലിന്യം എന്നിവ സംസ്‌കരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളാണ് നോളഡ്ജ് സിറ്റിയിലുളളത്. പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ഉള്‍പ്പെടെ സാമൂഹിക, സാമ്പത്തിക ഉന്നമനമാണ് ലക്ഷ്യം. പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിഞ്ഞ നോളഡ്ജ് സിറ്റി മാതൃക മധ്യ കേരളത്തിലോ ദക്ഷിണ കേരളത്തിലോ നടപ്പിലാക്കാന്‍ ഒരുക്കം നടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവരെ നോളഡ്ജ് സിറ്റി കൈവരിച്ച നേട്ടം ബോധ്യപ്പെടുത്തും. ഇതിന് ബോധവത്ക്കരണവും നടത്തും. കേരളത്തില്‍ ഉദ്യോഗസ്ഥരുടെ മൈന്‍ഡ്‌സെറ്റ് മാറേണ്ടത് ആവശ്യമാണ്. വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ കാണാനും പഠിക്കാനും അവസരം ഉണ്ടാകണം. നോളഡ്ജ് സിറ്റി മാതൃകയിലുളള സുസ്ഥിര വികസന പദ്ധതികള്‍ പൊതു ആവശ്യമാണെന്നും ഡോ. അബ്ദുസലാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിജി ചെയര്‍മാന്‍ നവാസ് റഷീദും പങ്കെടുത്തു.