Saturday, October 19, 2024
Kerala

ബാനർ വിവാദം: വിദ്യാർത്ഥികൾക്ക് വേണ്ടി ഗവർണറോട് മാപ്പു പറഞ്ഞ് പ്രിൻസിപ്പൽ

തിരുവനന്തപുരം സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രഥമ അധ്യാപികയുടെ മാപ്പ് അപേക്ഷ. ആരിഫ് മുഹമ്മദ് ഖാനോട് ഖേദം പ്രകടിപ്പിക്കുന്നതായി കോളജ് പ്രിൻസിപ്പൽ കെ.ഡി ശോഭ. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയെന്നും കെ.ഡി ശോഭ പറഞ്ഞു.

കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. സംഭവം താൻ അറിഞ്ഞിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പക്വതക്കുറവാണ് ബാനർ വിവാദത്തിന് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു. രാജ്ഭവൻ ഗവർണറുടെ പിതാവിന്റേതല്ല എന്ന തരത്തിലായിരുന്നു എസ്എഫ്ഐയുടെ ബാനർ.

സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റി. കഴിഞ്ഞ ദിവസമാണ് കോളജ് കവാടത്തിൽ ബാനർ സ്ഥാപിച്ചത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ എസ്എഫ്ഐ ഭാഗത്ത് നിന്നും മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.