തൃത്താലയിലെ അഭിമാന പോരാട്ടത്തിൽ വിജയം കൊയ്ത രാജേഷ് ഇനി സഭാ നാഥന്റെ കസേരയിലേക്ക്
സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു തൃത്താലയിലേത്. വിടി ബൽറാമിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് എം ബി രാജേഷിനെ മണ്ഡലം ഏൽപ്പിച്ചതും. പാർട്ടിയുടെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കി രാജേഷ് തൃത്താലയിൽ വിജയം കൊയ്യുകയും ചെയ്തു. ഇനി കേരളാ നിയമസഭയുടെ നാഥന്റെ കസേരയിലേക്കാണ് എം ബി രാജേഷിന്റെ പ്രയാണം
സ്പീക്കർ സ്ഥാനത്തേക്ക് ചെറുപ്പക്കാരെ കൊണ്ടുവന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണയും ആവർത്തിക്കുകയായിരുന്നു സിപിഎം. കഴിഞ്ഞ തവണ പി ശ്രീരാമകൃഷ്ണനാണ് സ്പീക്കറായതെങ്കിൽ ഇത്തവണ അത് എം ബി രാജേഷിന്റെ കർതവ്യമാണ്.
രണ്ട് തവണ എംപിയായി പ്രവർത്തിച്ച രാജേഷിന് നിയമസഭയിൽ ഇത് പുതിയ തുടക്കമാണ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഡിവൈഎഫ്‌ഐയിലൂടെ വളർന്ന എം ബി രാജേഷ് നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ്.