Thursday, January 23, 2025
Kerala

വൈദേകം റിസോര്‍ട്ട് നടത്തിപ്പ് ഏറ്റെടുത്ത് നിരാമയ റിട്രീറ്റ്‌സ്; കമ്പനി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയില്‍

ഇ പി ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല നിരാമയ റിട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ശനിയാഴ്ചയാണ് കരാര്‍ ഒപ്പിട്ടത്. മൂന്നു വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല കൈമാറിയത്. ഓഹരി കൈമാറ്റം പിന്നീട് നടക്കും.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ ക്യാപിറ്റല്‍സിന്റെ നിയന്ത്രണത്തിലാണ് നിരാമയ റിട്രീറ്റ്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ ഇ പി ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂര്‍ ആയുര്‍വേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റിസോര്‍ട്ടും ആയുര്‍വേദ ആശുപത്രിയും ഉള്‍പ്പെടുന്ന സ്ഥാപനമാണ് നിലവില്‍ കൈമാറ്റം ചെയ്തിരിക്കുന്നത്.

പാര്‍ട്ടിക്കകത്ത് അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലായത്. തുടര്‍ന്നാണ് നടത്തിപ്പ് ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുന്നത് സംബന്ധിച്ചുള്ള ആലോചന വൈദേകം റിസോര്‍ട്ട് ആലോചിക്കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം നിരാമയ ഏറ്റെടുത്തിട്ടുണ്ട്.

ഇ പി ജയരാജന്റെ ഭാര്യക്ക് എണ്‍പത് ലക്ഷത്തോളവും മകന്‍ പി കെ ജയ്‌സണിന് പത്ത് ലക്ഷത്തോളം രൂപയുടെ ഷെയറുകള്‍ വൈദേകത്തിലുണ്ട്. നടത്തിപ്പ് ചുമതല മാറുന്നുണ്ടെങ്കിലും നിലവിലെ ഷെയര്‍ ഹോള്‍ഡേഴ്‌സും ഡയറക്ടര്‍മാരും സമാനരീതിയില്‍ തന്നെ അവരുടെ അവര്‍ക്കുള്ള ഓഹരി പങ്കാളിത്തം തുടരും. മൂന്ന് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല നിരാമയ ഏറ്റെടുത്തിരിക്കുന്നത്. ഓഹരി കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *