Wednesday, January 8, 2025
Kerala

ഒരു തരത്തിലുമുള്ള ക്രമക്കേടിനും കൂട്ടുനിന്നിട്ടില്ല; റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങളെ തള്ളി ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍

കണ്ണൂര്‍ ആന്തൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍. 2017ല്‍ നടന്ന നിര്‍മാണത്തില്‍ ഇപ്പോഴാണ് പരാതി ഉയരുന്നതെന്ന് ചെയര്‍മാന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയും ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നിട്ടില്ല. ഒരു നേതാക്കള്‍ക്ക് വേണ്ടിയും ഒന്നും വഴിവിട്ട് ചെയ്തിട്ടില്ല. എല്ലാ പരാതികളും പരിശോധിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ പറഞ്ഞു. അതേസമയം ആരോപണങ്ങളില്‍ ഇതുവരെ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചിട്ടില്ല.

റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി സി.ഇ.ഒ തോമസ് ജോസഫ് ഇന്നലെ രംഗത്തെത്തി. നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണമെന്നും, ഇ.പി ജയരാജന്റെ മകന്‍ കമ്പനിയില്‍ നാമമാത്രമായ തുക മാത്രമാണ് നിക്ഷേപിച്ചതെന്നും തോമസ് ജോസഫ് വ്യക്തമാക്കി. അതേസമയം റിസോര്‍ട്ടിന്റെ നിര്‍മാണം അനുമതിയില്ലാതെയാണ് നടന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.

റിസോര്‍ട്ട് നിര്‍മാണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം പൂര്‍ണമായി നിഷേധിക്കുന്നതാണ് കമ്പനിയുടെ വിശദീകരണം. 2014 മുതല്‍ റിസോര്‍ട്ടിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ഇ.പിയുടെ മകന്‍ ജെയ്‌സണ്‍ നാമമാത്രമായ തുക മാത്രമാണ് നിക്ഷേപിച്ചതെന്നാണ് വാദം. നിലവില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കമ്പനിയുടെ ആക്ഷേപം.

Read Also: നടക്കുന്നത് ദുഷ്പ്രചാരണം; ഇപി ജയരാജൻ്റെ മകൻ കമ്പനിയിൽ നിക്ഷേപിച്ചത് നാമമാത്രമായ തുകയെന്ന് വൈദികം റിസോർട്ട് സിഇഓ

ഇതിനിടെ റിസോര്‍ട്ട് നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ പുറത്തുവന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ, ഭൂചല വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് വെള്ളിക്കീലിലെ കുന്നിടിച്ചുള്ള നിര്‍മാണം നടന്നത്. ഈ രേഖകള്‍ ഇല്ലാതെ തന്നെ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ആന്തൂര്‍ നഗരസഭ നല്‍കിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *