Saturday, April 12, 2025
Kerala

വൈദേകം റിസോര്‍ട്ട് വിവാദം; നിര്‍മാണം നടക്കുന്നത് അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോറിന്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ല. നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത് രേഖകള്‍ പരിശോധിക്കാതെയെന്നും റിപ്പോര്‍ട്ടില്‍ തെളിയിക്കുന്നു.

റിസോര്‍ട്ടിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് അവ അവസാനിക്കുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കുന്നിടിച്ച് നടത്തുന്ന നിര്‍മാണമാണെങ്കിലും ആ മണ്ണ് അവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന വാദമാണ് കളക്ടര്‍ ഉന്നയിച്ചതെന്ന് രേഖകളില്‍ വ്യക്തമാകുന്നു. മണ്ണെടുക്കുന്നതിനായി നഗരസഭാ സെക്രട്ടറിയില്‍ നിന്നും ഡെവലപ്‌മെന്റ് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അതും വാങ്ങാതെയാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ആന്തൂര്‍ നഗരസഭ നിര്‍മാണത്തിന് അനുമതി നല്‍കിയത്.

റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം സജിന്‍ കഴിഞ്ഞ ദിവസം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെയാണ് സ്ഥലത്തെ മണ്ണെടുത്തത്. നിര്‍മാണ ഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതില്ലാതെയായി. രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും അനുമതിയില്ലാതെയാണ് സ്ഥലത്തെ മണ്ണെടുത്തതെന്നും സജിന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് നിലവില്‍ വിവാദം. കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്.
കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.

സംഭവത്തില്‍ പ്രചരിക്കുന്ന തരത്തിലുള്ള വലിയ നിക്ഷേപം ഇ.പിയുടെ ഭാര്യക്കും മകനുമില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സിപിഐഎം കണ്ടെത്തല്‍. പദ്ധതിയില്‍ ഇ.പി ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. വിഷയം സിപിഐഎം പിബി യോഗവും ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *