Thursday, January 23, 2025
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 52.6 കോടിയുടെ പദ്ധതി: സംസ്ഥാനത്ത് ആദ്യ ന്യൂറോ കാത്ത്‌ലാബ്, സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് സുപ്രധാന പദ്ധകളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്‌ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റാണ് യാഥാര്‍ത്ഥ്യമായത്. മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും മാതൃകയാകുകയാണ്.

മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്ക്. ഈ പുതിയ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളജില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

1 സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്: 14.03 കോടി രൂപ:
ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് പ്രവര്‍ത്ത സജ്ജമായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സി.ടി. ആന്‍ജിയോഗ്രാം കാത്ത് ലാബ് ഉള്‍പ്പടെയുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് പ്രഥമ സംരഭമാണ്.

സ്‌ട്രോക്ക് ഐസിയു:
പക്ഷാഘാത ചികിത്സക്കായി ആധുനിക സംവിധാനത്തോടെയുള്ള 14 കിടക്കകളുള്ള സ്‌ട്രോക് ഐ.സി.യു 0.97 കോടി രൂപ ചെലവില്‍ സജ്ജമാക്കി. കൂടാതെ സ്റ്റെപ്പ്ഡൗണ്‍ & ഹൈ കെയര്‍ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
സി.ടി ആന്‍ജിയോഗ്രാം:
മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചും മസ്തിഷ്‌ക സിരാ ധമനികളുടെ ഘടനയും വിശകലനം ചെയ്തു പഠിക്കുന്നതിനും അതിലൂടെ രോഗികള്‍ക്ക് കൃത്യതയാര്‍ന്ന രോഗനിര്‍ണയം സാധ്യമാക്കുന്നതിനായി 4.4 കോടി രൂപ ചെലവില്‍ സി.ടി ആന്‍ജിയോഗ്രാം മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കി.
ന്യൂറോ കാത്ത്‌ലാബ്:
മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ഉള്‍പ്പെടെ രോഗനിര്‍ണയം നടത്തി ചികിത്സ നല്‍കുവാനുതകുന്ന ലോകോത്തര സംവിധാനമായ ന്യൂറോ കാത്‌ലാബ് 5.15 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.
2 ലിനാക്ക്: 18 കോടി രൂപ
കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമാണ് ലിനാക്. കൃത്യമായ ഡോസില്‍ വളരെ സൂക്ഷ്മമായി രോഗിക്ക് റേഡിയേഷന്‍ നല്‍കുന്ന ഈ സംവിധാനം 18 കോടി രൂപ ചെലവില്‍ ഒ.പി കെട്ടിടത്തിന് സമീപത്തായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. വളരെ കൃത്യതയോടെ അര്‍ബുദബാധിത കോശങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കുവാന്‍ ഇതിലൂടെ സാധ്യമാകും.

3 ബേണ്‍സ് ഐ.സി.യു. & സ്‌കിന്‍ ബാങ്ക്: 3.465 കോടി രൂപ:

പൊള്ളലേറ്റവര്‍ക്ക് അത്യാധുനിക ചികിത്സയ്ക്കായാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ 9 കിടക്കകളുള്ള ബേണ്‍സ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്.

4 ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്: 1.10 കോടി രൂപ:

പള്‍മണറി മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ് എന്റോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ശ്വാസനാളത്തില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന സങ്കീര്‍ണമായ മുഴകള്‍ കണ്ട് പിടിക്കുവാനും ചികിത്സാര്‍ത്ഥം ബയോപ്‌സി എടുക്കുവാനും ഈ ഉപകരണം വളരെ സഹായകരമാണ്.

5 എം.എല്‍.റ്റി.ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം: 16 കോടി രൂപ:

മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പാരാമെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീര്‍ണമുളള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലാബുകള്‍, ലക്ച്ചര്‍ ഹാളുകള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ & കമ്പ്യൂട്ടര്‍ ലാബ്, റിസര്‍ച്ച് സൗകര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നില എന്നീ സൗകര്യങ്ങളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *