വാര്‍ത്താക്കുറിപ്പിറക്കിയുള്ള ലോകായുക്തയുടെ നടപടി; രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസില്‍ ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പില്‍ വിവാദം തുടരുന്നു. വിധി വിശദീകരിക്കുന്ന വാര്‍ത്താക്കുറിപ്പ് രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
പത്രക്കുറിപ്പിറക്കി വിശദീകരണം നടത്തിയ ലോകായുക്തയുടെ നടപടി അസാധാരണമെന്ന നിലപാടിലാണ് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറും പ്രതിപക്ഷവും. ലോകായുക്ത ജഡ്ജി സംസാരിക്കേണ്ടത് വിധിന്യായങ്ങളിലൂടെയാണെന്നാണ് വിമര്‍ശനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രസ്താവന നടത്തുന്നത് പോലെയാണോ ലോകായുക്ത നടത്തേണ്ടതെന്ന് ആര്‍ എസ് ശശികുമാര്‍ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് ലോകായുക്ത പത്രക്കുറിപ്പിലൂടെ വിശദീകരണമിറക്കിയത്. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണെന്നും പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചെന്നും കുറിപ്പില്‍ പറയുന്നു.
ഒരു ഉദാഹരണം പറയുക മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും മറുപടിയില്‍ ലോകായുക്ത വിശദീകരിച്ചു.
അസാധാരണ വാര്‍ത്താകുറിപ്പിറക്കിയാണ് ലോകായുക്ത വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. നാല് പേജുള്ള വാര്‍ത്താകുറിപ്പില്‍ എന്തുകൊണ്ട് ഭിന്നവിധി എന്ന് ലോകായുക്ത വിശദീകരിക്കുന്നു. രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേക വിധി ന്യായങ്ങള്‍ എഴുതിയില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല.
മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന എതിര്‍കക്ഷികളുടെ വാദം പരിഗണിക്കരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അസംബന്ധമാണെന്നും ലോകായുക്ത വ്യക്തമാക്കി.