Tuesday, January 7, 2025
Kerala

ഹര്‍ജിക്കാരനെതിരായ ‘പേപ്പട്ടി പ്രയോഗം’ കുപ്രചരണം; വിമര്‍ശനത്തില്‍ വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചു. ഉദാഹരണം പറഞ്ഞത് മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. വാര്‍ത്തകുറിപ്പിലൂടെയാണ് ലോകായുക്തയുടെ വിശദീകരണം.

മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അപഹരിച്ചു എന്നല്ല പരാതി. ദുരിതാശ്വാസനിധിയില്‍ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണ് പരാതി. മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന എതിര്‍കക്ഷികളുടെ വാദം പരിഗണിക്കരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അസംബന്ധമാണ്. നേരത്തെയുള്ള മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പരാതി പരിശോധിക്കുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കണമെന്ന വാദത്തിനെതിരെയും ലോകായുക്ത രം?ഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിലും ലോകായുക്ത വിശദീകരണം നല്‍കി. പങ്കെടുത്തത് സ്വകാര്യ വ്യക്തിയുടെ ഇഫ്താര്‍ വിരുന്നല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിരുന്നിലാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയും ജഡ്ജിമാരും സ്വകാര്യ സംഭാഷണം നടത്തിയെന്നത് പച്ചക്കള്ളമാണ്. വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധിയെന്ന ചിന്ത അധമവും സംസ്‌കാര രഹിതവുമാണെന്നും ലോകായുക്ത വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ പരാതിക്കാരനെതിരെ കടുത്ത വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ലോകായുക്ത ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹര്‍ജിക്കാരനായ ആര്‍. എസ് ശശികുമാര്‍ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹര്‍ജിക്കാരന്‍ പെരുമാറുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും വിമര്‍ശനമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *