മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ്; ലോകായുക്തയുടെ നിര്‍ണായക വിധി നാളെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്തയുടെ നിര്‍ണായക വിധി നാളെ. മുഖ്യമന്ത്രിയ്ക്കും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരായ ഹര്‍ജിയിലാണ് വിധി പറയുക. കേസില്‍ വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. വിധി വൈകുന്നതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ദുര്‍വിനിയോഗം ചെയ്തുവെന്നായിരുന്നു കേസ്.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും പണം നല്‍കിയതിന് എതിരെയായിരുന്നു ഹര്‍ജി. 2022 മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായി. പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാഹചര്യവുമുണ്ടായി.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാല്‍ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് ലോകായുകത കേസില്‍ നാളെ വിധി പറയാന്‍ തീരുമാനിച്ചത്. കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നില്‍ കണ്ടാണ് നീക്കമെന്നായിരുന്നു ആക്ഷേപം.