ജോലിയിൽനിന്ന് പിരിച്ചുവിട്ടത്തിന് പ്രതികാരം; 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ചു
നോയിഡയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ചു. പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അമൻ രാംരാജ് എന്നയാളാണ്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി വാഹനങ്ങൾ നശിപ്പിച്ചത്. നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായിരുന്നു അമൻ. മാർച്ച് 15 നാണ് സംഭവം നടക്കുന്നത്.
ജോലിയിലെ അതൃപ്തികാരണം പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ പിറ്റേദിവസം സൊസൈറ്റിയിൽ തിരിച്ചെത്തിയ ഇയാൾ പന്ത്രണ്ടോളം കാറുകളിൽ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിലൂടെ അമൻ ആണ് സംഭവത്തിന് പിന്നിലെന്ന് തെളിവും ലഭിച്ചു.
ഒളിവിലായിരുന്ന അമനെ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാർ കണ്ടെത്തുകയും പിടികൂടി തിരികെ സൊസൈറ്റിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷൻ പോലീസിൽ പരാതി നൽകി. തനിക്ക് മറ്റൊരാൾ ആസിഡ് നൽകി കാറുകളിൽ നാശം വരുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസിനോട് അമൻ പറഞ്ഞിരിക്കുന്നത്.