Saturday, October 19, 2024
Kerala

വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ല : ആർ.എസ്.എസ്

വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർ.എസ്.എസ്. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്. ബഹുജന സമ്പർക്കത്തിനിടെ ഒരു സിറ്റിംഗ് ലീഗ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ചയ്‌ക്കെത്തിയ സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായതായും ആർഎസ്എസ് വ്യക്തമാക്കി. കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്നും ആർഎസ്എസ് നേതൃത്വം കൂട്ടിച്ചേർത്തു.

കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളിൽ ഒന്നായ മുസ്ലിം ലീഗിനെ ജനാധിപത്യ പ്രസ്ഥാനം എന്ന നിലയിൽ അംഗീകരിക്കുന്നുവെന്നാണ് ആർഎസ്എസ് നിലപാട്. ബഹുജന സമ്പർക്കത്തിന്റെ ഭാഗമായി മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് സിറ്റിംഗ് എംഎൽഎയുമായടക്കം ചർച്ച നടന്നിട്ടുണ്ട്. വർഗ്ഗീയ താൽപര്യം ലീഗിനുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേർത്തു കെട്ടാനാകില്ലെന്നും
ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ.

ജമാ അത്തെ ഇസ്ലാമിയുമായല്ല ഡൽഹിയിൽ ചർച്ച നടത്തിയത്. ചർച്ചയ്‌ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂ.

അതേസമയം കേരളത്തിൽ ക്രിസ്ത്യൻ സഭാ നേതൃത്വവുമായി ആശയവിനിമയം തുടരും. സംസ്ഥാന – ജില്ലാ തലത്തിൽ ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നൽകിയെന്നും ആർഎസ്എസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.